തിരുവനന്തപുരം: മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് 35 ദിവസമായി സമരം തുടരുന്ന ആശാവർക്കറുമാരുടെ ഒരാവശ്യം കൂടി സർക്കാർ അംഗീകരിച്ചു. ഇതു സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ സങ്കീർണമായതിനാൽ തുഛമായ ഓണറേറിയമാണ് ലഭിക്കുന്നതെന്നായിരുന്നു സമരക്കാരുടെ പരാതി. സമരം തുടങ്ങിയ ശേഷം സർക്കാർ ഓണറേറിയവും ഇൻസന്റീവ് കുടിശ്ശികയും അനുവദിച്ചിരുന്നു. അതിനു പിന്നാലെയാണ് മാനദണ്ഡങ്ങൾ പിൻവലിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, പ്രധാന ആവശ്യങ്ങളായ ഓണറേറിയം വർധനയും പെൻഷനും സർക്കാർ അംഗീകരിച്ചിട്ടില്ല.
ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചിയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിക്കുന്ന ഉത്തരവാണ് പുറത്തിറക്കിയത്. മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. സർക്കാർ തീരുമാനം സമരത്തിന്റെ വിജയമാണെന്നായിരുന്നു ആശമാരുടെ പ്രതികരണം. എന്നാൽ സമരം അവസാനിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.