വടകര : വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം വീഡിയോ ചിത്രീകരണത്തിനിടയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചതെന്നും കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നതെന്നും യുവാവിന്റെ അയൽവാസി പറഞ്ഞു.
കടമേരി തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവിൻ്റെ ഏകമകനാണ് ആൽവിൻ. രണ്ടു വർഷം മുമ്പ് ആൽവിന് കിഡ്നി ഓപ്പറേഷൻ കഴിഞ്ഞിരുന്നു. കുറച്ചു നാളുകളായി വിദേശത്താണ് ജോലി ചെയ്തുവന്നിരുന്നത്. ആറു മാസം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് കോഴിക്കോട് വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനെത്തിയതെന്നും അയൽവാസി പറഞ്ഞു.
രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡിഫൻഡർ കാറിന്റെയും ബെൻസ് കാറിന്റെയും വീഡിയോയിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ അതിവേഗം പാഞ്ഞെത്തിയ ബെന്‍സ് ആൽവിനെ ഇടിച്ചുതെറിപ്പിക്കുകയും ഉയർന്നുപൊങ്ങിയ യുവാവ് നട്ടെല്ല് ഇടിച്ചു വീഴുകയുമായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.