കൊച്ചി: കൊല്ലപ്പെട്ട മൂന്നുവയസുകാരിയായ കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്പി എം. ഹേമലത പറഞ്ഞു. കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികള്‍ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇവരെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യംചെയ്യലിലേക്ക് കടക്കുമെന്നും എസ്പി പറഞ്ഞു.
കല്യാണിയുടേത് മുങ്ങിമരണമാണ് എന്നതാണ് പ്രാഥമിക നിഗമനം. അമ്മ കുട്ടിയുമായി പുഴയുടെ പരിസരത്തേക്ക് പോകുന്നതും കുട്ടി കൂടെയില്ലാതെ തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണ് എന്ന് പറയാറായിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യം ചെയ്തതായി അമ്മ സമ്മതിച്ചിട്ടുണ്ട്, എസ്പി വ്യക്തമാക്കി.
സന്ധ്യയുടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തിവരുകയാണ്, പരിശോധനയില്‍ മാനസികമായ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ പരിശോധനകളിലേക്ക് കടക്കും. കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികള്‍ മാറ്റിപ്പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പല കാര്യങ്ങളും ഇപ്പോഴും വ്യക്തമല്ല. കൂടുതല്‍ ചോദ്യംചെയ്യല്‍ വേണ്ടിവരും, എസ്പി പറഞ്ഞു.വീട്ടിലെ പ്രശ്‌നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചത്, ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതെല്ലാം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.