മലപ്പുറം: ദേശീയപാതയിൽ തലപ്പാറ ഭാഗത്തുള്ള റോഡിൽ വിള്ളൽ. നിർമ്മാണം പൂർത്തിയായ ആറുവരിപ്പാതയിലാണ് ചൊവ്വാഴ്ച രാവിലെയോടെ വിള്ളലുണ്ടായത്. ഇതേത്തുടർന്ന് ദേശീയപാതയിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സർവീസ് റോഡ് വഴിയാണ് വാഹനം വഴിതിരിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം ദേശീയ പാതയുടെ ഒരു ഭാഗം തകർന്നുവീണ കൂരിയാടിന് നാല് കിലോമീറ്റർ അകലെയാണ് ഇപ്പോൾ വിള്ളലുണ്ടായത്. സ്ഥലത്ത് തിരുരങ്ങാടി പൊലീസ് എത്തിയിട്ടുണ്ട്.
ദേശീയ പാത അധികൃതരും വിദഗ്ധരും സ്ഥലത്തെത്തി പരിശോധിക്കുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വയലിന് സമീപം ഉയർത്തിനിർമ്മിച്ച റോഡിന്റെ അടിഭാഗത്തെ മണ്ണ് നീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട് ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന ആറുവരി ദേശീയപാത സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണ് അതുവഴി പോകുകയായിരുന്ന നാല് കാറുകൾ തകർന്നിരുന്നു