
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആളുമാറി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കൊയിലാണ്ടിയിലാണ് സംഭവം. അന്വേഷിച്ചെത്തിയ വ്യക്തിക്ക് പകരം അതേ പേരിലുള്ള മത്സ്യത്തൊഴിലാളിയായ മറ്റൊരാളുടെ വീട്ടിലാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പുലർച്ചെ മുതലാണ് ഇവിടെ പരിശോധന നടന്നത്. വീട് ഇതല്ലെന്ന് അറിയിച്ചിട്ടും മണിക്കൂറുകളോളം പരിശോധന തുടർന്നെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് ആളുമാറിയ വിവരം തിരിച്ചറിഞ്ഞതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ഇന്ന് പുലർച്ചെയാണ് വീട്ടിൽ പരിശോധനയ്ക്കായി ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്. വീട്ടുകാർക്ക് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിഞ്ഞില്ല. ഏറെ നേരത്തിന് ശേഷമാണ് ആളുമാറിയതാണെന്ന് ഉദ്യോഗസ്ഥർക്ക് മനസിലായത്. പ്രായമായവരടക്കം വീട്ടിലുണ്ടായിരുന്നെങ്കിലും കൃത്യമായ വിവരങ്ങൾ പറയാതെയാണ് ഇ.ഡി പരിശോധന തുടർന്നതെന്നും വീട്ടിലെ സാധനങ്ങളടക്കം വലിച്ചുവാരിയിട്ടെന്നും വീട്ടുടമസ്ഥനായ നൗഷാദ് പറഞ്ഞു.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇ.ഡി പരിശോധന തുടരുകയാണ്. നിലവിൽ പത്തിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെയ്ഡ്. ഹവാല, സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന.കൊയിലാണ്ടിയിൽ നടന്ന സംഭവത്തിൽ ഇ.ഡി മാപ്പുപറയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അഞ്ച് മണിക്കൂറോളം വീട്ടിൽ അതിക്രമിച്ചുകയറി ഇ.ഡി റെയ്ഡ് നടത്തിയെന്നാണ് ആരോപണം.