വടകര: പുതിയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയിൽ ലോഡുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു. മുംബൈയിൽ നിന്നു തൃശൂരിലേക്ക് പോകുന്ന കണ്ടെയ്നർ ലോറിയാണ് സ്റ്റിയറിങ് വീൽ പൊട്ടി കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് നിന്നത്. അപകടത്തിൽ ലോറിയുടെ മുൻവശം തകർന്നു. മുൻവശത്തെ ടയർ പഞ്ചറാവുകയും ചെയ്തു. നിറയെ ലോഡുമായി ഇടതു വശം ചരിഞ്ഞു നിന്ന ലോറി അതുവഴി വന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മറിയാനുള്ള സാധ്യത കണക്കിലെടുത്ത് ഉടൻ മറ്റൊരു ലോറി എത്തിച്ച് ലോഡ് അതിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തെ തുടർന്ന് ദേശീയപാതയിലെ സർവീസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇത് മണിക്കൂറുകൾ ഗതാഗത കുരുക്കിനിടയാക്കി. പ്രവൃത്തി നടക്കുന്ന ഭാഗത്ത് താൽക്കാലിക റോഡ് നിർമിച്ച് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുകയായിരുന്നു. രണ്ടു ലോറികൾ എത്തിച്ചാണ് ചാക്കിൽ നിറച്ച മുത്തുകൾ അടങ്ങിയ ലോഡ് മാറ്റിയത്.