മഞ്ചേരി: പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ ഒന്നാം പ്രതി ഷൈബിൻ അഷറഫ് ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാർ. മഞ്ചേരി അഡീഷനൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. രണ്ടാംപ്രതിയും ഷൈബിന്‍റെ മാനേജരുമായിരുന്ന വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), ആറാം പ്രതി മുക്കട്ട നടുത്തൊടിക നിഷാദ് (32) എന്നിവരും കുറ്റാക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിൽ ഒമ്പതുപേരെ വെറുതെ വിട്ടു. കേസിലെ ഏഴാംപ്രതി നൗഷാദിനെ മാപ്പു സാക്ഷിയാക്കിയിരുന്നു. മൈസൂരു സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്ന കേസിലാണ് കോടതി വിധി പറഞ്ഞത്.
സംസ്ഥാനത്ത് മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസിലെ ആദ്യ വിധിയാണിത്. ഡി.എൻ.എ ഉൾപ്പെടെയുള ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്. പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതികൾക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കി.
മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു. മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെടുന്നത്. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും അടഞ്ഞു.
എന്നാൽ, ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡി.എൻ.എ പരിശോധന ഫലം കേസിൽ നിർണായകമായി. ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.