തലശ്ശേരി: വധശ്രമം ആവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. നവകേരളസദസ്സ് പ്രതിഷേധത്തിനിടെ മർദനമേറ്റ് തലശ്ശേരി ഇന്ദരാഗാന്ധി സഹകരണ ആസ്പത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിക്കെതിരെ കേസെടുത്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകും. നവകേരള സദസ്സിന് ആളില്ലാത്തതുകൊണ്ടാണ് സ്കൂൾകുട്ടികളെ എത്തിക്കാൻ നിർദേശിച്ചിട്ടുള്ളത്. കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചപ്പോൾ ബാലാവകാശ കമ്മിഷൻ എവിടെപ്പോയി?
കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവർക്കർമാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. നവകേരള ബസല്ല, അമേരിക്കയിലെ ടൈംസ്ക്വയറിൽ പോയപ്പോൾ മുഖ്യമന്ത്രി ഇരുന്ന കസേരയാണ് മ്യൂസിയത്തിൽ വെക്കേണ്ടത് -അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജും മറ്റ് നേതാക്കളും പ്രതിപക്ഷനേതാവിനോടൊപ്പമുണ്ടായിരുന്നു.