പാലക്കാട്: സുരേഷ് ഗോപി ബി.ജെ.പി.യിലെ മിതവാദിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർക്കെതിരേ വാർത്ത കൊടുത്താൽ മാധ്യമപ്രവർത്തകരുടെ കഴുത്തിനുമുകളിൽ തല കാണില്ല. വാർത്തയെഴുതിയാൽ കൈയിൽ വിരലുണ്ടാകില്ല. സ്വതന്ത്രമാധ്യമപ്രവർത്തനം കേരളത്തിലല്ലാതെ രാജ്യത്ത് മറ്റേത് സംസ്ഥാനത്താണുള്ളതെന്നും മന്ത്രി ചോദിച്ചു.
സീ പ്ലെയിൻ പദ്ധതിയിൽ രണ്ടഭിപ്രായമില്ലെന്നു മന്ത്രി പറഞ്ഞു. അണക്കെട്ടുകളിൽ പദ്ധതി നടപ്പാക്കുന്നതിൽ ആരും എതിർപ്പ് പറഞ്ഞിട്ടില്ല. വിമാനത്താവളങ്ങളും അണക്കെട്ടുകളും ബന്ധപ്പെടുത്തിയാണ് ഇപ്പോൾ പദ്ധതി ആലോചിക്കുന്നത്. കായലിൽ പദ്ധതി നടപ്പാക്കുന്നതിനുമുൻപ് ബന്ധപ്പെട്ട എല്ലാ തൊഴിലാളി യൂണിയൻ നേതാക്കളുമായും ചർച്ച നടത്തും. അക്കാര്യത്തിൽ തൊഴിലാളിസംഘടനാ നേതാക്കളുടെ ആശങ്കകൾ നൂറുശതമാനം ശരിയാണ്. അതിൽ അഭിപ്രായവ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.