തിയേറ്ററിലെ തകർപ്പൻ വിജയത്തിന് ശേഷം സിനിമാ പ്രേമികൾ ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ അടയാളപ്പെടുത്താവുന്ന കഥാപാത്രമാണ് നജീബ്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസിയാണ് ആടുജീവിതം സിനിമ ഒരുക്കിയത്. ചിത്രത്തിന്റെ കഥ പത്ത് വരിയിൽ എഴുതിയിരിക്കുകയാണ് മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കി.ചെരണ്ടത്തൂർ സ്വദേശികളായ സുനിൽ ശ്രീധരന്റെയും ആശയുടെയും മകളാണ് നന്മ തേജസ്വിനി. കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
'ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ... പെരിയോനേ റഹീം... 'എന്നാണ് നോട്ടുബുക്കിൽ നന്മ തേജസ്വിനി എഴുതിയത്. കുറിപ്പിന് താഴെ നജീബിന്റെ ഒരു ചിത്രവും വരച്ചു വെച്ചിട്ടുണ്ട്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഇത്രേ ഒള്ളൂ... മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി' എന്നാണ് ബെന്യാമിൻ കുറിച്ചിരിക്കുന്നത്.