വടകര: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മണിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പാലയാട് നട പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. ദിവസ കൂലി 600 രൂപയാക്കുക, കുടിശ്ശിക കൂലി ഉടൻ അനവദിക്കുക, തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 ആയി ഉയർത്തുക, അശാസ്ത്രീയമായ എൻ എം എം എസ് പദ്ധതി ഉപേക്ഷിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, വെട്ടിക്കുറച്ച അഞ്ചര കോടി തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
സി പി ഐ എം വടകര ഏരിയാ കമ്മറ്റി അംഗം ബി. സുരേഷ് ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയംഗം സജിന എം എം ധർണ്ണയെ അഭിവാദ്യം ചെയ്തു. ദീപ എൻ കെ , സുരേഷ്. പി. എന്നിവർ സംസാരിച്ചു. മണിയൂർ ഫീനിക്സ് മുക്ക് മുതൽ പാലയാട് നടവരെ നടന്ന മാർച്ചിൽ 300 ഓളം പേർ പങ്കെടുത്തു.