കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പൾസർ സുനിക്കെതിരെ വിചാരണക്കോടതിയിൽ റിപ്പോർട്ട്. സുനി ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഹോട്ടലിൽ കയറി അക്രമം നടത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.എറണാകുളം രായമംഗലത്ത് ഹോട്ടലിലാണ് ഇയാൾ അതിക്രമം നടത്തിയത്. കേസിൽ കുറുപ്പുംപടി പൊലീസ് സുനിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തുവെന്നുമായിരുന്നു സുനിക്കെതിരെയുളള പരാതി.ഹോട്ടൽ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പൾസർ സുനി, തെറി വിളിക്കുകയും ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ഗ്ലാസുകൾ തകർത്തെന്നും എഫ്ഐആറിലുണ്ട്.നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തെ ജയിൽവാസത്തിന് ശേഷം കർശന ജാമ്യ വ്യവസ്ഥയിലാണ് സുനി പുറത്തിറങ്ങിയത്. ഇതിനിടെയാണ് വീണ്ടും കേസിൽ പെട്ടിരിക്കുന്നത്.