കൊല്ലം: ഓയൂരിൽ നിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു നിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം കമീഷണർ ഓഫിസിലേക്ക് മാറ്റി.
പോലീസിന്‍റെ നേതൃത്വത്തിൽ നാടെങ്ങും വലവിരിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കുട്ടിയെ സുരക്ഷിതമായി തിരികെ ലഭിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ഓയൂരിലെ അബിഗേലിന്‍റെ ബന്ധുക്കളും നാട്ടുകാരും.
ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മരുതമൺപള്ളി കോഴിക്കോട് റെജി ഭവനിൽ റെജി ജോൺ - സിജി ദമ്പതികളുടെ മകൾ അബിഗേൽ സാറാ മറിയ (മിയ - ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാൽവർ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസ്സുകാരനായ സഹോദരൻ രക്ഷപ്പെട്ടു.