തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മാവനെന്ന സ്ഥിരീകരണത്തിലേക്ക് പോലീസെത്തിയതായി സൂചന. കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തിൽ പങ്കുണ്ടെന്നും പ്രതി ചേർക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയക്കനാണ് തീരുമാനമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജി പറഞ്ഞു.
അമ്മാവൻ ഹരികുമാറാണ് കുട്ടിയെ കിണറ്റിലെറിഞ്ഞതെന്നാണ് നിഗമനം. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു. ശ്രീതുവിന് പങ്കുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും എപ്പോൾ വിളിച്ചാലും സ്റ്റേഷനിലെത്തണമെന്നതടക്കമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും യുവതിയെ വിട്ടയക്കുകയെന്നുമാണ് വിവരം.ചോദ്യം ചെയ്യലിൽ ശ്രീതുവിന്റെെയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്.