
കോഴിക്കോട്: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും 19-ന് ബുധനാഴ്ച പുലർച്ചെ 12 മുതൽ 20-ന് രാത്രി 12 വരെ പ്രവേശനം നിരോധിച്ചെന്ന് കളക്ടർ അറിയിച്ചു.
വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും കച്ചവടക്കാർക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കടലിൽ കുളിക്കുകയോ വെള്ളത്തിലിറങ്ങുകയോ കടൽത്തീരത്തിന്റെ അരികിലേക്ക് സമീപിക്കുകയോ ചെയ്യുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുകയോ ചെറുവള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും കടലിലേക്ക് ഇറക്കുകയോ ചെയ്യരുത്. കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്, ബേപ്പൂർ റീജണൽ പോർട്ട് ഓഫീസർ, ഫിഷറീസ് വകുപ്പ് എന്നിവർ തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
ബുധനാഴ്ച പുലർച്ചെ 2.30 മുതൽ 20-ന് വൈകീട്ട് 5.30 വരെ 16 മുതൽ 21 സെക്കൻഡ്‌വരെ ദൈർഘ്യമുള്ളതും 1.2 മുതൽ 1.9 മീറ്റർവരെ ഉയരമുള്ളതുമായ തിരമാലകൾക്ക് സാധ്യതയുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.