തിരുവനന്തപുരം : ഗവർണർ പങ്കെടുത്ത പരിപാടിയിൽ സുരേഷ് ഗോപി എം.പി.കൊടി വീശി. അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിനിടെയാണ് സംഭവം.
മാനവീയംവീഥിയിൽ സംഘടിപ്പിച്ച ഒളിമ്പിക് റൺ ഉദ്ഘാടകൻ ഗവർണർ ആരിഫ് മുഹമദ്ഖാനായിരുന്നു. സുരേഷ്‌ഗോപി എം.പി.യും മന്ത്രിമാരായ ജി.ആർ.അനിലും വി.ശിവൻകുട്ടിയും ചീഫ് സെക്രട്ടറി വി.വേണുവും ചടങ്ങിനെത്തിയിരുന്നു.വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന ഒളിമ്പിക് റൺ ഫ്ളാഗ്ഓഫ് നടക്കുന്നതിന് മുൻപ് മഴ പെയ്തു. ഗവർണർ സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി വിദ്യാർഥികൾക്ക് ഇടയിലേക്ക് ഇറങ്ങി. ഇതോടെ കുട്ടികൾ അദ്ദേഹത്തിന് ചുറ്റുംകൂടി.
വേദിയിൽനിന്ന് ഗവർണർ ഉൾപ്പെടെയുള്ളവർ ഫ്ളാഗ്ഓഫ് ചെയ്യുമ്പോൾ സുരേഷ് ഗോപി വിദ്യാർഥികൾക്കു നടുവിൽനിന്ന് പതാക വീശി.ഇതിനെതിരേ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. ഗവർണറെയും ദേശീയഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചതെന്ന് ശിവൻകുട്ടി ആരോപിച്ചു. പ്രോട്ടോകോൾ ലംഘനമാണ്. ജനപ്രതിനിധിയാണെന്ന തോന്നലില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.