ധനമന്ത്രി നിർമല സീതാരാമന്റെ എട്ടാം ബജറ്റിൽ മൊബൈൽ ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വരെ നികുതിയിളവ്. അർബുദ രോഗ മരുന്ന് ഉൾപ്പടെയുള്ള ജീവൻരക്ഷാമരുന്നുകളുടെ നികുതിയും ധനമന്ത്രി കുറച്ചിട്ടുണ്ട്. അർബുദത്തിന് ഉൾപ്പടെ ഉപയോഗിക്കുന്ന 36 ജീവൻരക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവയാണ് കേന്ദ്രസർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ഇവയുടെ വില കുറയുന്നതിന് വഴിയൊരുങ്ങും.
ഓപ്പൺ സെൽസിനും അതിന്റെ മറ്റ് ഉപകരണങ്ങൾക്കുമുള്ള ഇറക്കുമതി തീരുവ അഞ്ച് ശതമാനമാക്കി കുറക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കൊബാൾട്ട്,സ്ക്രാപ്പ്, ലിഥിയം അയൺ, സിങ് എന്നിവ ഉൾപ്പടെയുള്ള 12 മിനറലുകളുടെ ഇറക്കുമതതി തീരുവ കുറയും. ഇലക്ട്രിക് വാഹനങ്ങളുടേയും മൊബൈൽ ഫോണുകളുടേയും ബാറ്ററിയുടെ നിർമാണഘടകങ്ങളുടെ നികുതിയും കേന്ദ്രസർക്കാർ കുറച്ചിട്ടുണ്ട്.
തുകൽ ജാക്കറ്റുകൾ, ഷൂസുകൾ, ബെൽറ്റ്, പേഴ്സ് എന്നിവയുടെ വിലയും കുറയും. സംസ്കരിച്ച ഫിഷ് പേസ്റ്റിന്റെ നികുതി കുറക്കുമെന്നും അറിയിച്ചു. ഫ്ലാറ്റ് പാനൽ ഡിസ്‍പ്ലേയുടെ നികുതി 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വർധിക്കും. സാമൂഹ്യ ക്ഷേമ സർചാർജും ഉയരും. ആദായ നികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ എട്ടാം ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 12 ലക്ഷം വരെ ഇനി മുതൽ ആദായ നികുതിയുണ്ടാവില്ല.