ചോമ്പാല: നിരവധി മോഷണ കേസിൽ പ്രതിയായ യുവാവ് പിടിയിൽ. കൊയിലാണ്ടി എടക്കാട് മാവിളിച്ചി കണ്ടി വീട്ടിൽ സൂര്യൻ എസ് എസ് (24) നെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ ആറിന് ന്യൂ മാഹി സ്വദേശിയായ കേന്ദ്ര സർക്കാർ ജീവനക്കാരൻ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ ഇയാൾ മോഷ്ട്ടിക്കുകയിരുന്നു. ജോലി ആവശ്യാർത്ഥം പോയ യുവാവ് എട്ടിന് തിരിച്ച് വന്നപ്പോഴാണ് നിർത്തിയിട്ട സ്ഥലത്ത് സ്കൂട്ടർ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ചോമ്പാല എസ് ഐ മനീഷ് വി.കെ നടത്തിയ അന്വേഷണത്തിൽ സൂര്യൻ ഈ സ്കൂട്ടറുമായി പോകുന്ന ക്യാമറ ദൃശ്യങ്ങൾ കണ്ടെത്തി.
അതിനിടയിൽ കൊയിലാണ്ടിയിൽ വെച്ച് കളവ് ചെയ്ത ബാറ്ററിയുമായി ഇതേ സ്കൂട്ടറിൽ പോകവെ കൊയിലാണ്ടി പോലീസ് ഇയാളെ പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതി ജാമ്യം നേടുകയും ചോമ്പാല പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് പാലക്കാട്ടേക്ക് ഒളിവിൽ പോകുകയും ചെയ്തു. പ്രതി പാലക്കാട് നിന്നും തിരിച്ചു വരുന്നതായി മനസ്സിലാക്കിയ ചോമ്പാല എസ് ഐയുടെ നേതൃത്വത്തിൽ എസ് സി.പി ഒ മാരായ അഭിജിത്ത് വി.കെ, അനനന്തൻ ടി.കെ എന്നിവർ ചേർന്ന് കൊയിലാണ്ടിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷീജ എ എം 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.