കൊച്ചി: ഫിലിം ചേംബറിനും ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനുമെതിരെ രൂക്ഷവിമർശനവുമായി നടി വിൻ സി അലോഷ്യസ്. ഷൈൻ ടോം ചാക്കോയുടേയോ സിനിമയുടേയോ പേര് പുറത്തുവിടരുതെന്ന് തന്നോട് സംസാരിച്ച സംഘടനകളോടും വ്യക്തികളോടും നൂറുവട്ടം പറഞ്ഞതാണെന്ന് വിൻ സി പറഞ്ഞു. എന്നിട്ടും അവരത് ചെയ്തിട്ടുണ്ടെങ്കിൽ എന്താണ് അവരുടെ ബോധമെന്നും വിൻ സി ചോദിച്ചു. ആ ബോധമില്ലായ്മയുടെ കയ്യിലാണല്ലോ പരാതി സമർപ്പിച്ചത് എന്ന കുറ്റബോധമാണ് ഇപ്പോൾ തനിക്കുള്ളതെന്നും അവർ പറഞ്ഞു.
ഒരു പരാതി സമർപ്പിക്കുമ്പോൾ ആ പരാതിക്കാരിയുടേയോ ഒരു വിവരവും പുറത്തുവരില്ല എന്ന് ഉറപ്പുപറഞ്ഞിട്ട് മലയാള സിനിമയുടെ ഫിലിം ചേംബറിന്റെ തലപ്പത്തുനിൽക്കുന്നയാൾ കബളിപ്പിച്ചതുപോലെയാണ് തോന്നുന്നതെന്നും അവർ പറഞ്ഞു. ഫിലിം ചേംബറിന് സമർപ്പിച്ച പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് വിൻ സി വ്യക്തമാക്കി. അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഫിലിം ചേംബറിന് നൽകിയ പരാതി പിൻവലിക്കാൻ തയ്യാറാണ്. കാരണം അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ആർക്കൊക്കെ പരാതി കൊടുത്തിട്ടുണ്ടോ അതിലെല്ലാം ഈ നടന്റെ പേര് പറഞ്ഞിട്ടുണ്ട്.
പരാതി കൊടുത്ത മറ്റു സംഘടനകളെ ബഹുമാനിക്കുന്നു. ഈ പേരൊക്കെ പുറത്തുപറയുമോ എന്നാണ് സജി നന്ത്യാട്ട് ചോദിച്ചത്. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് വളരെ മോശമായിപ്പോയി. ഷൈനിന്റെ പേര് പുറത്തുപറയാൻ പോകുകയാണെന്ന് തന്നോടെങ്കിലും പറയാമായിരുന്നു. പരാതി കൊടുക്കുന്നതിനുമുൻപ് സജി നന്ത്യാട്ട്, സജിത മഠത്തിൽ, റാണി, ജി. സുരേഷ് കുമാർ, ബി.ഉണ്ണിക്കൃഷ്ണൻ, അമ്മയുടെ ഭാരവാഹികളായ ബാബുരാജ്, വിനു മോഹൻ, ജയൻ ചേർത്തല, അൻസിബ, ടിനി ടോം, സുഹൃത്തുക്കളായ ഉണ്ണിലാലു, സർജാനോ ഖാലിദ് എന്നിവർ ബന്ധപ്പെട്ടിരുന്നു.
ആ നടന്റെ പേര് പുറത്തുപറഞ്ഞാൽ സമൂഹത്തിനുമുന്നിൽ ഹീറോ ആകുമെന്ന് അറിയാം. സിനിമയുടെ പേരിനെ മോശമാക്കാൻ പറ്റില്ല എന്നതുകൊണ്ട് പരാതിപ്പെടാതിരുന്നിട്ടുണ്ട്. എങ്കിലും ആ സിനിമയിൽ പ്രവർത്തിച്ച സഹപ്രവർത്തകയും വിഷമം അറിയിച്ചിട്ടുണ്ട്. ഒരു വ്യക്തി പരാതിപ്പെടാതിരിക്കാനുള്ള കാരണങ്ങൾ പലതായിരിക്കും. ചിലപ്പോൾ ഭയമായിരിക്കും. നിലപാടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമെന്നല്ലാതെ ഇനി ഒരു പ്രശ്നം വന്നാൽ പരാതിയുമായി എവിടേയും പോവില്ല. ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞ് ചുക്കാൻ പിടിക്കുന്നവർ ആദ്യം നന്നാവട്ടെ. എന്നിട്ട് പ്രജകളെ നന്നാക്കാമെന്നും വിൻ സി കൂട്ടിച്ചേർത്തു.