ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടി. കേസിൽ രണ്ട് മുതൽ ആറ് വരെ പ്രതികളായവരെ പഴനിയിൽ നിന്നാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനേഷ് എന്നിവരാണ് പിടിയിലായത്.
അഞ്ച് പേരുടെയും ജാമ്യം കഴിഞ്ഞ മാസം 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഡിസംബർ 17ന് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി പ്രതികൾക്കായി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം മുൻപ് വിചാരണക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് ഷാനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2021 ഡിസംബർ 18ന് രാത്രിയിലാണ് ഷാൻ കൊല്ലപ്പെട്ടത്.