കോഴിക്കോട്: ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയില്‍ പ്രതികരണവുമായി പരാതിക്കാരിയായ ഹണി റോസ്. വലിയ ആശ്വാസമാണ് ഇപ്പോള്‍ തോന്നുന്നതെന്ന് ഹണി റോസ് പറഞ്ഞു.
'എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് തോന്നുന്നത്. എനിക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരും പോലീസ് ഡിപ്പാര്‍ട്ടുമെന്റുമുള്ള സംസ്ഥാനത്താണ് ജീവിക്കുന്നതെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഞാന്‍ അനുഭവിച്ച സൈബര്‍ ബുള്ളിയിങ് അത്ര വലുതാണ്. ആവര്‍ത്തിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും തുടര്‍ന്നു. അത് പണത്തിന്റെ ഹുങ്കായും വെല്ലുവിളിയായും മാത്രമേ എനിക്ക് കാണാന്‍ കഴിയൂ. എല്ലാത്തിനും ഒരു അവസാനം വേണം. അതുകൊണ്ടാണ് പോരാട്ടത്തിന് ഇറങ്ങാമെന്ന് തീരുമാനിച്ചത്.' -ഹണി പറഞ്ഞു.
'ഭയങ്കരമായ സന്തോഷമുണ്ട്. സന്തോഷത്തിനപ്പുറം എന്റെ തലയില്‍ നിന്ന് വലിയ ഭാരം ഒഴിഞ്ഞതുപോലെയാണ് തോന്നുന്നത്. പരാതി നല്‍കിയത് മുതല്‍ മുഖ്യമന്ത്രിയോട് സംസാരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന് അവസരം കിട്ടി. അപ്പോള്‍ ഞാന്‍ എനിക്കും കുടുംബത്തിനുമുണ്ടായ വിഷമങ്ങള്‍ പറഞ്ഞു. നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഡി.ജി.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചിരുന്നു. വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാമെന്ന ഉറപ്പ് അവരെല്ലാം തന്നിരുന്നു. ഇത്രവേഗം നടപടിയെടുത്തത് കാര്യക്ഷമമായ സംവിധാനം ഇവിടെയുള്ളതുകൊണ്ടാണ്.ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ കമന്റ് സെക്ഷനില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ഇത് ഇങ്ങനെ തന്നെ മുന്നോട്ടും ഉണ്ടാകണം. അങ്ങനെയാകുമോ എന്ന് അറിയില്ല. പക്ഷേ അതിനുള്ള പോരാട്ടത്തിനാണ് ഇറങ്ങിയിരിക്കുന്നത്.' -ഹണി റോസ് കൂട്ടിച്ചേര്‍ത്തു.