മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വാഹനത്തിന് തീപിടിച്ചു. 3,55,796 ഡോളർ വിലമതിപ്പുളള ഓറസ് ലിമോസിനാണ് തീപിടിച്ചത്. കാറിൽ തീ ആളി പടരുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ലുബിയങ്കയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. ക്രെലിനിലെ പ്രസിഡൻഷ്യൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുളള വാഹനത്തിനാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെയായിട്ടും വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കാർ തീപിടിച്ചതിന് പിന്നിൽ കൊലപാതക ഗൂഢാലോചനകൾ നടന്നിരുന്നതായും ആശങ്കകൾ ഉയരുന്നുണ്ട്. എഞ്ചിനിലാണ് ആദ്യമായി തീ പടർന്നുപിടിച്ചത്. അഗ്നിശമനാ സേന എത്തുന്നതിന് മുൻപ് തന്നെ സമീപത്തെ റസ്റ്റോറന്റുകളിലെ ആളുകൾ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവ സമയത്ത് കാറിനുളളിൽ ആരായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലെൻസ്‌കിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടയിൽ റഷ്യയ്ക്ക് യുദ്ധത്തിൽ നിർണായക തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. സെലെൻസ്‌കി അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്നായിരുന്നു സെലെൻസ്കി പറഞ്ഞത്.