കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച ഷഹബാസിന്റെ കുടുംബവും ഈങ്ങാപ്പുഴയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടു. ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കുള്ള പങ്ക് അന്വേഷിക്കുക, കുട്ടികൾക്ക് രക്ഷിതാക്കൾ നൽകിയ പ്രേരണ അന്വേഷണത്തിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രക്ഷിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്.
രണ്ട് കുട്ടികളുടെ രക്ഷിതാക്കൾക്ക് കൃത്യത്തിൽ പങ്കുണ്ടെന്നും നഞ്ചക്ക് ഉൾപ്പടെ വീട്ടിൽ സൂക്ഷിച്ച രക്ഷിതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞു. രക്ഷിതാക്കൾ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും കുടുംബം പ്രതികരിച്ചു.
ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ പോലീസിന് ഉണ്ടായ വീഴ്ച അന്വേഷിക്കുക, പ്രതി യാസിറിന് തക്കതായ ശിക്ഷ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. ഷിബില നൽകിയ പരാതിയിൽ അന്വേഷണം വൈകിയ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും കാരണക്കാരായ SHO ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥർക്ക് എതിരെ നടപടിവേണം എന്ന് മുഖ്യമന്ത്രിയെ അറിയിച്ചെന്നും ബന്ധുക്കൾ അറിയിച്ചു.പരിശോധിച്ച് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കുടുംബം പ്രതികരിച്ചു.