മലപ്പുറം: യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ പി.വി. അൻവർ എം.എൽ.എ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അൻവർ പാണക്കാട്ടെത്തിയത്. 12 മിനിറ്റോളം സാദിഖലി തങ്ങളുമായി അൻവർ ചർച്ച നടത്തി. അൻവറിന്‍റേത് സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച താൻ എല്ലാവരേയും കാണുന്ന ദിവസമാണ്. താൻ ഇവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും അൻവർ വന്നത്. ജയിൽ മോചിതനായിട്ടാണ് വന്നത് എന്നു പറഞ്ഞു. മറ്റൊരു ചർച്ചയും ഉണ്ടായിട്ടില്ല. അൻവറിന്‍റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച വിഷയം മുന്നണി വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും അക്കാര്യങ്ങളൊക്കെ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സാദിഖലി തങ്ങൾ പ്രതികരിച്ചു.
അൻവർ ഉയർത്തിപിടിക്കുന്ന വിഷയങ്ങളിൽ യു.ഡി.എഫിന് എതിർപ്പൊന്നുമില്ല. വനനിയമ ഭേദഗതി നടപ്പാക്കുമ്പോൾ സാധാരണക്കാരുടെ ജീവിതത്തെ അത് ബാധിക്കുമെന്ന് തോന്നുന്നുണ്ട്. ആ നിലക്ക് സർക്കാർ അക്കാര്യം പുനരാലോചിക്കുകയും സങ്കീർണത പരിഹരിക്കുകയും വേണം. പത്തു വർഷമായി യു.ഡി.എഫ് അധികാരത്തിൽനിന്നു വിട്ടുനിൽക്കുകയാണ്. ഇനിയും ഇങ്ങനെ പോകാനാവില്ല. അൻവർ എന്ന വിഷയം മാത്രമല്ലല്ലോ, യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ ഒരുപാട് ഘടകങ്ങളുണ്ട്. അതെല്ലാം യു.ഡി.എഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.