കോട്ടയം: മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് 'ദീപിക' ദിനപത്രം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം. മകനെതിരായ കഞ്ചാവ് കേസില്‍ യു. പ്രതിഭ എം.എല്‍.എയെ പിന്തുണച്ച് മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് 'വിഷപ്പുകയും വിവരക്കേടും' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
'കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും, സംസാരിക്കും, ചിലപ്പോള്‍ പുകവലിക്കും' എന്ന് പറഞ്ഞതിലൂടെ ആപത്കരമായൊരു സംസ്‌കാരത്തെ കേരളത്തിന്റെ സാംസ്‌കാരികമന്ത്രി നിസാരവത്കരിച്ചുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി. ഇത്തരം 'കൊച്ചുകുട്ടികള്‍' അവരുടെ തന്നെ ആയുസിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തിനും ഭീഷണിയായിരിക്കുന്ന കാലത്ത് ഈ വാക്കുകള്‍ വമിപ്പിക്കുന്നത് വിഷപ്പുകയാണെന്നും മുഖപ്രസംഗം പറയുന്നു.
കുട്ടികളില്‍ നിന്ന് പിടിച്ചത് പുകയിലയല്ല, ചെറിയ അളവിലെങ്കിലും കഞ്ചാവാണ്. മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റി. ഇത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത് ശരിയാകാം. എന്നാല്‍, ആലപ്പുഴയുടെ തെക്കന്‍ മേഖലയിലെ ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെയും സ്പിരിറ്റ് കടത്തിനെതിരെയും കര്‍ശന നടപടി സ്വീകരിച്ചതിലൂടെ ഉന്നതര്‍ക്ക് അനഭിമതനായ, കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ, വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ മലപ്പുറത്തേക്ക് മാറ്റിയത് സംശയത്തിനിടയാക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ ഉള്‍പ്പെട്ട കേസിനെ സജി ചെറിയാന്‍ എം.ടി. വാസുദേവന്‍ നായരുടെ പുകവലിയുമായി താരതമ്യം ചെയ്തതിനേയും ദീപിക വിമര്‍ശിച്ചു. 'എം.ടിയുടെ മഹത്വം അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രതിഭയിലാണ്, പുകവലിയിലല്ല. ഇത്തരം താരതമ്യങ്ങള്‍ കുബുദ്ധിയാണ്' എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.ഏതുരാജാവിന്റെ മകനാണെങ്കിലും 'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്' എന്ന വാചകത്തോടെയാണ് ലേഖനം അവസാനിക്കുന്നത്.