കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കാല്‍വിരലുകളിലെ പഴുപ്പിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അത്തോളി സ്വദേശി രാജന്‍ ഗുരുതരാവസ്ഥയിലായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല എന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കും.
കാലിന്റെ പഴുപ്പിന് സര്‍ജന്റെ സേവനം ആവശ്യമായിവന്നതിനാലാണ് അത്തോളിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് രാജനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച രാത്രി ബീച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രാജനെ പിന്നീട് വാര്‍ഡിലേക്ക് മാറ്റി. പരിശോധനയ്ക്ക് എത്തിയ ഡോക്ടര്‍ കാലിലെ കെട്ടഴിച്ച് ഫോട്ടോയെടുത്തശേഷം മടങ്ങിയെന്നും പിന്നീട് ആരും പരിശോധിക്കാന്‍ എത്തിയില്ലെന്നും കുടുംബം ആരോപിച്ചു.
ഇതിനിടെ രാജന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ നഴ്‌സ് എത്തി കുത്തിവെപ്പ് നല്‍കി. ഡോക്ടര്‍ ഫോണില്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് കുത്തിവെപ്പ് എടുക്കുന്നതെന്നാണ് നഴ്‌സ് കുടുംബത്തെ അറിയിച്ചത്. പിന്നാലെ രാജന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായെന്നും എന്നിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിച്ചു. പലതവണ നഴ്‌സിങ് റൂമില്‍ എത്തി വിവരം അറിയിച്ചിട്ടും ഡോക്ടര്‍ വരുമെന്ന മറുപടി മാത്രമാണ് കിട്ടിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പിന്നീട് പുലര്‍ച്ചെ ഡോക്ടര്‍ എത്തി പരിശോധിച്ചപ്പോളേക്കും രാജന്‍ മരിച്ചിരുന്നു.