നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചാമക്കുഴി കൂവാറ്റി അംഗൻവാടിയിൽ ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് ആറ് കുഞ്ഞുങ്ങളെ വിവിധ ആശുപത്രികളിലാക്കി.നീലേശ്വരം വള്ളിക്കുന്നിലെ താലൂക്കാശുപത്രി, ചോയ്യംകോട്ടെ സ്വകാര്യ നഴ്സിങ് ഹോം, നീലേശ്വരം എൻ.കെ.ബി.എം ആശുപത്രി, നീലേശ്വരം തേജസ്വിനി സഹകരണാശുപത്രി എന്നിവിടങ്ങളിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
ഛർദിയെ തുടർന്ന് ആവശനിലയിലായതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവാൻ, ഇവാൻകൃഷ്ണ, നൈതിക്, ശിവാംശി, ആരവ്, സാൻവിക എന്നീ വിദ്യാർഥികളാണ് ചികിത്സതേടിയത്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയം. ബുധനാഴ്ചയാണ് ഇവർക്ക് അസ്വസ്ഥതയുണ്ടായത്.അംഗൻവാടിയുടെ കെട്ടിടം പൊളിച്ചുമാറ്റിയശേഷം നിലവിൽ താൽക്കാലികമായി ചാമക്കുഴി സ്കൂൾ കെട്ടിടത്തിലാണ് പ്രവർത്തനം.സംഭവത്തെ തുടർന്ന് അധികൃതർ അംഗൻവാടിയിൽ പരിശോധനക്കെത്തി.