ഓർക്കാട്ടേരി: കാർ റോഡിന് വശത്തെ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. കളിയാംവെള്ളിക്ക് സമീപം റോയൽ കാർവാഷിന് മുൻവശത്ത് ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. വടകര ഭാഗത്തുനിന്ന് എടച്ചേരി ഭാഗത്തേക്കുവരുകയായിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടമായ കാർ റോഡിന് വശത്തെ ബാരിക്കേഡ് തകർത്ത് വലിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇതിനിടയിൽ വൈദ്യുത്തതൂണിന്റെ സ്റ്റേവയറിൽ ഇടിച്ചത് കാരണം തൂണ് മുറിഞ്ഞുവീണു. ഇതിനെത്തുടർന്ന് അഞ്ചുമണിക്കൂറോളം ഈ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കാർ ഓടിച്ചിരുന്ന നാദാപുരം സ്വദേശിയായ യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.