കോഴിക്കോട്: മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ പടര്‍ന്നു പിടിച്ച തീ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അണച്ചു. ജില്ലയിലെയും പുറത്തുമുള്ള മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകൾ പണിപ്പെട്ടാണ് രാത്രി പത്തരയോടെ തീയണച്ചത്. ഇതിനുശേഷം നഗരത്തിലാകെ പരന്ന പുക അടക്കാനുള്ള ശ്രമം നടക്കുകയാണ്. രാത്രി ഒൻപത് മണിയോടെ, ജെ.സി.ബി കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ചാണ് തീയണച്ചത്.
കോഴിക്കോട് ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്ന തകര ഷീറ്റുകളും മറ്റും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്.