വടകര : മംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ പുതിയ ഇന്റർസിറ്റി എക്സ്‌പ്രസ് പരിഗണനയിലുണ്ടെന്ന് ദക്ഷിണറെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് മറുപടി നൽകിയതായി ഷാഫി പറമ്പിൽ എംപി അറിയിച്ചു. ദക്ഷിണ റെയിൽവേ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈകീട്ട് ആറുമണി കഴിഞ്ഞാൽ പത്തുമണിവരെ കോഴിക്കോട്ടുനിന്ന് വടക്കോട്ടേക്ക് തീവണ്ടി ഇല്ലാത്തതിന് പരിഹാരമായി കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുന്നതരത്തിൽ സമയക്രമീകരണം നടത്തി ഇന്റർസിറ്റി അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു. തിരക്ക് പരിഗണിച്ച് പരശുരാം എക്സ്‌പ്രസിൽ ഒരുകോച്ച് അധികം അനുവദിച്ചിട്ടുണ്ടെന്നും ജനറൽ മാനേജർ വ്യക്തമാക്കി.
കോവിഡിനുശേഷം മുക്കാളി, നാദാപുരം റോഡ്, ഇരിങ്ങൽ, ചേമഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിൽ വരുമാനം കുറഞ്ഞതുകൊണ്ടാണ് സ്റ്റോപ്പ് നിർത്തലാക്കിയതെന്ന റെയിൽവേ വാദം ശരിയല്ലെന്ന് എംപി യോഗത്തിൽ അറിയിച്ചു. സ്റ്റോപ്പ് നിർത്തിയശേഷമാണ് വരുമാനം കുറഞ്ഞത്. കണ്ണൂർ കോയമ്പത്തൂർ എക്സ്‌പ്രസിനുള്ള സ്റ്റോപ്പുകൾ ഈ സ്റ്റേഷനുകളിൽ പുനഃസ്ഥാപിക്കണം. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒട്ടേറെ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള അധികാരം റെയിൽവേ ബോർഡിന് മാത്രമാണെന്നും ബോർഡുമായി ആശയവിനിമയം നടത്തി തീരുമാനം അറിയിക്കുമെന്നും ജനറൽ മാനേജർ അറിയിച്ചു. കൊയിലാണ്ടി, വടകര സ്റ്റേഷനുകളിൽ വരുമാനം കുറഞ്ഞതുകൊണ്ടാണ് പാർസൽ സംവിധാനം നിർത്തിയതെന്നും തലശ്ശേരിയിൽ ഇതിന്റെ പ്രവർത്തനം തുടരുമെന്നും ലഗേജ് ബുക്കിങ് മൂന്ന് സ്റ്റേഷനുകളിലും തുടരുമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.