നെടുമങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ദളിത് യുവതിയെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. മേയ് 13-ാം തീയതി വൈകുന്നേരം മൂന്നുമണിക്ക് പേരൂർക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച പനവൂർ ഇരുമരം സ്വദേശിനി ബിന്ദു(36)വിനെ വിട്ടയച്ചത് 14-ാം തീയതി ഉച്ചയ്‌ക്ക് 12 മണിക്കാണെന്നാണ് പരാതി.
യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. മൂന്നുദിവസം മുൻപാണ് ബിന്ദു അവിടെ ജോലിക്ക് എത്തിയത്.
വീട്ടുടമസ്ഥയുടെ പരാതിയെത്തുടർന്ന് ക്രൂരമായ മാനസികപീഡനമാണ് ബിന്ദു അനുഭവിച്ചത്. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല. രാത്രിയായിട്ടും പോലീസ് സ്റ്റേഷനിലാണ് എന്ന വിവരം വീട്ടുകാരെ അറിയിക്കാനും സമ്മതിച്ചില്ല. രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളംപോലും നൽകിയില്ലെന്നും പറയുന്നു.
എന്നാൽ, ആ വീട്ടിൽനിന്നുതന്നെ നഷ്ടപ്പെട്ടെന്നു കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥതന്നെ പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ എത്തി മാല കിട്ടിയെന്നറിയിച്ചു. ഇതേത്തുടർന്നാണ് ബിന്ദുവിനെ കുറ്റവിമുക്തയാക്കാൻ പോലീസ് തയ്യാറായത്. നിരപരാധിത്വം തെളിയിച്ചിട്ടും മണിക്കൂറുകളോളം സ്റ്റേഷനിൽ നിർത്തിയശേഷമാണ് ഫോൺ തിരികെനൽകിയതും വീട്ടിലേക്കുപോകാൻ അനുവദിച്ചതും.തനിക്കു നേരിട്ട അപമാനത്തിലും മാനസികപീഡനത്തിനും പോലീസുകാർക്കെതിരേ ബിന്ദു മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.