നാദാപുരം: കല്ലാച്ചി തെരുവൻ പറമ്പിന് സമീപം ചിയ്യൂരിൽ രണ്ട് മാസം ഗർഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിന് നാദാപുരം പോലീസ് കേസ് എടുത്തു. നരിപ്പറ്റ സ്വദേശിനി ഷംന ( 28 ) യാണ് ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ഷംനയുടെ
ഇടത് ചുമലിനും വയറിനുമാണ് കുത്തേറ്റത്. ചിയ്യൂരിലെ ഫൈസലിൻ്റെ വീട്ടിൽ വെച്ചാണ് അക്രമം നടന്നത്. പരിക്കേറ്റ ഷംനയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി രാത്രിയോടെ കേസെടുക്കുകയായിരുന്നു. അക്രമത്തിന് ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ഫൈസലിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കുടുംബ കലഹമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.