മലയാള സിനിമയിൽ ട്രോളന്മാരുടെ പുതിയ ഇരയാണ് നടൻ സുരേഷ് കൃഷ്ണ. 'കൺവിൻസിംഗ് സ്റ്റാർ' എന്ന പേരിലാണ് താരമിപ്പോൾ അറിയപ്പെടുന്നത്. വൻ താരനിര അണിനിരന്ന ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന സിനിമയിലെ സുരേഷ് കൃഷ്ണയുടെ ഡയലോഗ് ട്രെൻഡിംഗിലാണ്. ഇതിന്റെ ചുവടുപിടിച്ച് നടന്മാരടക്കമുള്ളവർ സുരേഷ് കൃഷ്ണയെ ട്രോളുന്നുണ്ട്.
താരം കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് നൽകിയ ക്യാപ്‌ഷനും നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.'നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം' എന്നായിരുന്നു സ്വന്തം ചിത്രത്തിന് സുരേഷ് കൃഷ്ണ നൽകിയ ക്യാപ്‌ഷൻ. 'ഓകെ, ഐ അയാം കൺവിൻസ്‌ഡ് ' എന്നായിരുന്നു ബേസിൽ നൽകിയ കമന്റ്. ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാവുന്ന മരണമാസ് എന്ന ചിത്രത്തിലാണ് സുരേഷ് കൃഷ്ണ നിലവിൽ അഭിനയിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
'ഒരു പാവം ബാങ്ക് ജീവനക്കാരനെ ഡോൺ ആക്കിയത് നിങ്ങൾ ആണ്, ഇനി കുറച്ച് നാൾ അണ്ണൻ ഭരിക്കും, ബ്രോ റൂളിംഗ് സോഷ്യൽ മീഡിയ'- തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനും വീഡിയോയ്ക്കും ലഭിക്കുന്നത്.