
ഹൈദരാബാദ്: സിങ്കപ്പൂരിലെ തീപ്പിടിത്തത്തില്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിലാണ് മാര്‍ക് ശങ്കറിന് പരിക്കേറ്റത്. എട്ടുവയസ്സുകാരന്റെ കൈയ്ക്കും കാലിനും പൊള്ളലേറ്റു. പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾ നേരിടുന്നതായും വിവരമുണ്ട്. നിലവില്‍ സിങ്കപ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍ക് ശങ്കര്‍.
ഔദ്യോഗികപരിപാടികളുമായി ബന്ധപ്പെട്ട് പവന്‍ കല്യാണ്‍ ഇപ്പോള്‍ അല്ലൂരി സീതാരാമരാജു ജില്ലയിലാണുള്ളത്. ഇവിടെ ക്ഷേത്രദര്‍ശനത്തിന് ശേഷം പവന്‍ കല്യാണ്‍ സിങ്കപ്പൂരിലേക്ക് തിരിക്കും. നേരത്തെ, വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം അടുത്ത മൂന്ന് ദിവസം വിശാഖപട്ടണത്ത് തുടരാനായിരുന്നു പദ്ധതി. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ അപകടത്തെത്തുടര്‍ന്ന് പരിപാടികള്‍ വെട്ടിച്ചുരുക്കി.പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്‌നേവയുടേയും മകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം