മലപ്പുറം :സുംബാ ഡാൻസിന് എതിരായി പോസ്റ്റിടുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്ത അധ്യാപകന് എതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. എടത്തനാട്ടുകര പികെഎം യുപി സ്കൂൾ അധ്യാപകൻ ടി.കെ അഷ്റഫിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി.കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നാണ് മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തിലുള്ള പരാമര്‍ശം.
ലഹരിക്കെതിരെ നിര്‍ബന്ധമായി സ്‌കൂളില്‍ സുംബാ ഡാന്‍സ് കളിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലയ്ക്ക് താന്‍ വിട്ടുനില്‍ക്കുന്നുവെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ടി.കെ അഷ്‌റഫ് കുറിച്ചു. ഈ വിഷയത്തില്‍ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ടി.കെ അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.