
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം മൂന്നിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പോസ്റ്റില്‍ ഉള്ളത്.
ദൃശ്യം ആദ്യഭാഗത്തിലെ ഏറെ ശ്രദ്ധേയമായ, ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പമാണ് ആശിവാര്‍ദ് സിനിമാസ് അപ്‌ഡേറ്റ് പുറത്തുവിട്ടത്. 'ദൃശ്യം 3 ഉടന്‍ വരുന്നു', എന്ന് റീലിലുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ്, നായകന്‍ മോഹന്‍ലാല്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും അഭിവാദ്യംചെയ്യുന്നതായി വീഡിയോയില്‍ കാണാം. 'ലൈറ്റ്, ക്യാമറ, ഒക്ടോബര്‍', എന്നും വീഡിയോയിലുണ്ട്. '2025 ഒക്ടോബറില്‍ ക്യാമറ ജോര്‍ജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്നാണ് ക്യാപ്ഷനായി പങ്കുവെച്ചിരിക്കുന്നത്.