നടന് ബാലയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ പങ്കാളി ഡോക്ടര്‍ എലിസബത്ത് ഉദയന്‍. ബാലയും ഭാര്യ കോകിലയും എലിസബത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അവര്‍ നടത്തിയിരിക്കുന്നത്. ജയിലില്‍ പോകേണ്ടി വന്നാലും തനിക്ക് ഉണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുക തന്നെ ചെയ്യുമെന്നും അവര്‍ പറയുന്നു. ബാല തന്നെ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് തനിക്ക് അങ്ങനെ തോന്നിയതുകൊണ്ട് തന്നെയാണ്.
തന്നെ ബലാത്സംഗം ചെയ്തു എന്ന് തുറന്നു പറഞ്ഞിട്ടും ആരും കേസ് എടുക്കുകയോ അതേക്കുറിച്ച് അന്വേഷിച്ച് ചെല്ലുകയോ ചെയ്തിട്ടില്ല എന്ന് എലിസബത്ത് പറയുന്നു. മാനസിക നില തകരാറിലാണ്, 15 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഇവര്‍ എന്നേക്കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ മാദ്ധ്യമങ്ങള്‍ നില്‍ക്കുകയാണ്. മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ഒരാളെ ഈ രീതിയില്‍ പറയാന്‍ ആര്‍ക്കാണ് അധികാരം ഉള്ളതെന്ന് എലിസബത്ത് ചോദിച്ചു.
എലിസബത്തിന്റെ വാക്കുകള്‍
'ഞാന്‍ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു എന്നെ ഇത്തരത്തില്‍ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാന്‍ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു അതുകൊണ്ട് ഇപ്പൊ കേസ് എടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തു വരാത്തതിന്റെ കാരണം ഇതാണ്. അവരെ ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവര്‍ മരിക്കുമ്പോള്‍ ആയിരിക്കും അതൊക്കെ പുറത്ത് അറിയുന്നത്. ചിലപ്പോള്‍ അപ്പോഴും അറിയുന്നുണ്ടാവില്ല. എന്റെ മാനസിക നില തകരാറിലാണ്, ഞാന്‍ 15 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഇവര്‍ പറയുന്നത് കേള്‍ക്കാന്‍ മാദ്ധ്യമങ്ങള്‍ നില്‍ക്കുകയാണ്. മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ഒരാളെ ഈ രീതിയില്‍ പറയാന്‍ ആര്‍ക്കാണ് അധികാരം ഉള്ളത്? ഇയാള്‍ ആശുപത്രിയില്‍ ആയ സമയത്ത് എന്നെ വിളിച്ചു വരുത്തിയതാണ്. അപ്പോള്‍ ആരും നോക്കാന്‍ ഇല്ലെങ്കില്‍ മെന്റല്‍ പേഷ്യന്റ് ആയാലും കുഴപ്പമില്ലേ? എന്നെ ഇടിക്കും എന്നൊക്കെ പബ്ലിക് ആയി മാധ്യമങ്ങളോടു പറയുന്നത് കേട്ടിട്ടും ആര്‍ക്കും ഒന്നും ചോദിക്കാനില്ലേ? എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയതുകൊണ്ടാണ് ഞാന്‍ അത് പറഞ്ഞത്. റേപ്പിന്റെ അര്‍ഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നില്‍ വച്ചുവരെ എന്നോട് മോശമായി പെരുമാറി. വേറെ ഒരാളെ എന്റെ ബെഡ്‌റൂമിലേക്ക് കയറ്റിവിട്ടു.