കൊച്ചി: വിവാദങ്ങൾക്കിടെ താരസംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പ് ഉച്ചയ്‌ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. വൈകിട്ട് നാല് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. 233 വനിതാ അംഗങ്ങൾ ഉൾപ്പെടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം. മോഹൻലാൽ, സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം വോട്ട് ചെയ്യാനെത്തും.
ദേവനും ശ്വേതാ മേനോനുമാണ് സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.