BREAKING NEWS
dateMON 20 MAY, 2024, 4:19 PM IST
dateMON 20 MAY, 2024, 4:19 PM IST
back
Homesections
sections
Aswani Neenu
Wed May 08, 2024 05:43 PM IST
പ്രമുഖർക്ക് കാലിടറും; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കെ സുരേന്ദ്രൻ
NewsImage

തിരുവനന്തപുരം: ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ പല പ്രമുഖരുടെയും കാലിടറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും വോട്ട് ശതമാനം ഗണ്യമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുരേന്ദ്രന്റെ അവകാശ വാദം.

കേരളത്തില്‍ ഇത്തവണ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും ബൂത്ത്തലം മുതല്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ വെച്ച സീറ്റുകളില്‍ വിജയിക്കാമെന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂര്‍ ഇത്തവണ തോറ്റ് തുന്നംപാടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് ജയിക്കാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

അതേസമയം, കോര്‍കമ്മിറ്റി യോഗം കൃഷ്ണദാസ് പക്ഷം ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്തകള്‍ സുരേന്ദ്രന്‍ തള്ളിക്കളഞ്ഞു. അങ്ങനെ ആരും യോഗം ബഹിഷ്‌കരിച്ചിട്ടില്ല. ബഹിഷ്‌കരിച്ചുവെന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടൊയെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് ചോദിച്ചു. വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ ഏത് യോഗത്തിലും കുറെപ്പേര്‍ പലകാരണങ്ങളാല്‍ വരാതിരിക്കാമെന്ന് വിശദീകരിച്ചു. ഇവിടെ വരാതിരുന്നവര്‍ അധ്യക്ഷനില്‍നിന്ന് അനുമതി നേടിയിരുന്നതായും ജാവ്‌ദേക്കര്‍ പറഞ്ഞു.

കേരളത്തില്‍ അഞ്ച് സീറ്റില്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കിയത്. മാസങ്ങള്‍ക്ക് മുമ്പും ഇതേ കാര്യം തന്നെയാണ് താന്‍ പറഞ്ഞതെന്നും അതേ നിലപാട് തന്നെയാണ് ഇപ്പോഴെന്നും ജാവ്‌ദേക്കര്‍ വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പക്ഷെ ജാവഡേക്കര്‍ അകലംപാലിച്ചു. മാധ്യമങ്ങള്‍ ചിലരുടെ പ്രസ്താവനകള്‍ക്ക് ആവശ്യമില്ലാത്ത പ്രാധാന്യം നല്‍കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് വളരെ ബോധപൂര്‍വമായി ഉയര്‍ത്തിക്കൊണ്ടുവന്നതാണ് ദല്ലാള്‍ വിവാദമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയിലും ആലപ്പുഴയിലും എന്‍ഡിഎയ്ക്ക് വിജയ സാധ്യതയുണ്ടെന്നുവന്നതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണ് വിവാദം. അത് മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രചാരണത്തില്‍ ചില മാധ്യമങ്ങളും വീണുപോയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ പറയാത്തതും നടന്നിട്ടില്ലാത്തതുമായ കാര്യങ്ങള്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നതരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തയായി കൊടുക്കുന്നു. മാധ്യമങ്ങളില്‍ പറഞ്ഞതൊന്നും യോഗത്തില്‍ സംഭവിച്ചിട്ടില്ലെന്ന് പറയാനാണ് പത്രസമ്മേളനം വിളിച്ചതെന്നും ജാവഡേക്കര്‍ വ്യക്തമാക്കി. കേരളം വളരെക്കാലമായി രണ്ട് രാഷ്ട്രീയ മുന്നണികളെ കേന്ദ്രീകരിച്ചിരിക്കുന്ന സംസ്ഥാനമാണ്. എന്നാല്‍, ഇത്തവണമുതല്‍ കാര്യങ്ങള്‍ മാറി. കേരളത്തില്‍ മൂന്നാമതൊരു രാഷ്ട്രീയ ശക്തി ഉയര്‍ന്നുവന്നത് തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE