ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് പൊതുവെ നിരാശ. ദീര്‍ഘകാലത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് വായ്പയായി വകയിരുത്തിയ ഒന്നരലക്ഷം കോടിയിലെ വിഹിതവും പാലക്കാട് ഐഐടിക്കുള്ള സഹായവും മാത്രമാണ് കേരളത്തെ സംബന്ധിച്ച് ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടത്. കൂടാതെ, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടിയുടെ പാക്കേജ്, മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി 1,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി, സിൽവർ ലൈൻ, ദീർഘകാലാവശ്യമായ എയിംസ്, ശബരി പാത തുടങ്ങി പല സുപ്രധാനവാശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. എന്നാൽ ഒന്ന് പോലും ബജറ്റില്‍ ഇടംപിടിച്ചില്ല
പൊതുവായി നടത്തിയ പ്രഖ്യാപനങ്ങളൊഴികെ കേരളത്തെ പരിഗണിച്ചില്ലായെന്നത് പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പയുണ്ട്. ഒന്നരലക്ഷം കോടി രൂപ ഇതിനായി വകയിരുത്തും. പുതിയ പദ്ധതികള്‍ക്കായി പത്തുലക്ഷം കോടി മൂലധനം അഞ്ച് വര്‍ഷത്തേക്ക് നല്‍കും. എഐ പഠനത്തിന് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനായി 500 കോടി മാറ്റിവെച്ചു. ഇത്തരത്തിൽ പൊതുവായി ലഭിക്കുന്ന മാറ്റിയിരുത്തല്‍ തുകയൊഴിച്ച് പ്രത്യേക പരിഗണന കേരളത്തിന് ലഭിച്ചില്ല. പാലക്കാട് ഐഐടി വികസനത്തിന് മാത്രമാണ് തുക അനുവദിച്ചത്. കൂടാതെ തുറമുഖ വികസനത്തിനായി അനുവദിച്ച പദ്ധതിയുടെ ഗുണം കേരളത്തിന് ലഭിക്കുമെന്നതൊഴിച്ചാൽ വിഴിഞ്ഞം പ്രത്യേക പാക്കേജിലും പ്രതികരണമുണ്ടായില്ല.