തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുമുണ്ടായിരുന്നു. അസുഖങ്ങൾ മരണകാരണമായോയെന്ന് വ്യക്തമാക്കാൻ ആന്തരിക പരിശോധനാഫലം വരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മൃതദേഹത്തിൽ ക്ഷതമില്ല.
വിഷാംശം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങൾക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി. വായ്ക്കുള്ളിൽ ഭസ്മത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇത് ഉള്ളിലേക്ക് ഇറങ്ങിയിട്ടുണ്ടോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.ആന്തരികാവയവങ്ങളുടെ പരിശോധനാഫലങ്ങൾ ഉൾപ്പെടെ വേഗത്തിൽ ലഭിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആശ്യപ്പെട്ട് കോടതി മുഖാന്തരം ഫോറൻസിക് ലബോറട്ടറി ഡയറക്ടർ, കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി ചീഫ് കെമിക്കൽ എക്സാസാമിനർ, പത്തോളജി വിഭാഗം മേധാവി എന്നിവർക്ക് നോട്ടീസ് നൽകും.