തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചിയെന്ന് പരാതി. മേമല ഉരുള്‍കുന്ന് സ്വദേശിനി വസന്തയ്ക്കാണ് ഗുളികയില്‍ നിന്ന് മൊട്ടുസൂചി ലഭിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് വസന്ത ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്ന് വാങ്ങിയ സി-മോക്സ് ഗുളികയ്ക്കുള്ളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.
'രണ്ടുനേരം കഴിക്കാനുള്ള ഗുളികയാണ്. വൈകുന്നേരം കഴിക്കാനായി പൊട്ടിച്ചെടുത്ത ഗുളികയില്‍ മരുന്നുപൊടി കുറവാണെന്ന് തോന്നി. തുടര്‍ന്ന് അത് ഞെരടി നോക്കിയപ്പോള്‍ ഉള്ളില്‍ കമ്പ് കൊള്ളുന്ന പോലെ തോന്നി. അടപ്പ് വലിച്ചൂരി നോക്കിയപ്പോഴാണ് മുള്ളാണി പോലെ എന്തോ ഒന്ന് കണ്ടത്. മറ്റൊരു ഗുളിക പൊട്ടിച്ചപ്പൊ അതില്‍ നിറയെ പൊടി ഉണ്ടായിരുന്നു. പൊടി കയ്യില്‍ തട്ടി നോക്കിയപ്പോള്‍ അതിലും കണ്ടു. വീണ്ടുമൊരു ഗുളിക കൂടി എടുത്ത് നോക്കിയപ്പോള്‍ അതിലും കണ്ടു. മുമ്പ് കഴിച്ച രണ്ട് ഗുളികകളില്‍ ഇതുണ്ടായിരുന്നോ എന്ന് അറിയില്ല,' വസന്ത പറഞ്ഞു.
ഗുളികയില്‍ നിന്ന് മൊട്ടുസൂചി കിട്ടിയതിനെ തുടര്‍ന്ന് വസന്ത ഗുളികയുമായി ആശുപത്രിയിലെത്തി പരാതി പറഞ്ഞു. രണ്ട് ഗുളിക കഴിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ എന്ന് നോക്കാനായി എക്സ്-റേ പരിശോധനയ്ക്ക് ഉള്‍പ്പെടെ വിധേയയാക്കി. പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല.
ആരോഗ്യവകുപ്പിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് കമ്പനിയുടെ ഏത് ബാച്ച് ഗുളികയാണ് എന്ന വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.