തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തരയോടെ ദർബാർ ഹാളിന് പിൻഭാഗത്തായി ഭക്ഷ്യവകുപ്പ് സി സെക്ഷനിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയതോടെയാണ് പാമ്പിന്റെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടത്.
ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പ് പിടിത്തക്കാരെ എത്തിച്ച് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തി. അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ഇതിനെ പിടികൂടിയത്. ചേരപ്പാമ്പിനെയാണ് സെക്രട്ടേറിയേറ്റിൽ കണ്ടെത്തിയതെന്നാണ് വിവരം. ഫയൽ റാക്കുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് പാമ്പുണ്ടായിരുന്നത്. സെക്രട്ടേറിയറ്റിൽ ഇതേഭാഗത്ത് കുറച്ച് മാസങ്ങൾക്ക് മുമ്പ് പാമ്പിനെ കണ്ടെത്തിയിരുന്നു.