തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്.
കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്. 2017 മുതലുള്ള കുടിശിക തുകയാണിത്. കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്.കേരളത്തിൽ പി.ആർ.എസ് വായ്‌പ പദ്ധതിയിൽ കർഷകന് നെൽ വില ബാങ്കിൽനിന്ന് ലഭിക്കും.