വടകര: ചോറോടുണ്ടായ കാറപകടത്തില്‍ ഒന്‍പതുവയസ്സുകാരി ദൃഷാന കോമയിലാവുകയും അമ്മൂമ്മ ബേബി മരണപ്പെടുകയുംചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രംനല്‍കി. അപകടത്തിന് തിങ്കളാഴ്ച ഒരുവര്‍ഷം തികയാനിരിക്കെയാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കാര്‍ഡ്രൈവര്‍ പുറമേരിയിലെ മീത്തലെപുനത്തില്‍ ഷെജീലിന്റെ പേരിലാണ് കുറ്റപത്രം.
അപകടശേഷം കാര്‍ നിര്‍ത്താതെപോയതും ദൃഷാനയുടെ ദുരിതത്തില്‍ ഹൈക്കോടതി ഇടപെട്ടതും ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണത്തിലൂടെ പത്താംമാസം കാര്‍ കണ്ടെത്തിയതുമെല്ലാം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കാര്‍ കണ്ടെത്തിയിട്ടും കാറോടിച്ച ഷെജീല്‍ വിദേശത്തായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം കോയമ്പത്തൂരില്‍നിന്ന് ഇയാളെ പിടികൂടിയതോടെ കുറ്റപത്രംനല്‍കാന്‍ വഴിതെളിഞ്ഞു. ഡിവൈ.എസ്.പി. വി.വി. ബെന്നിയാണ് കുറ്റപത്രം നല്‍കിയത്.
ഐ.പി.സി. 279 (അപകടകരമായ ഡ്രൈവിങ്), 338 (അശ്രദ്ധമൂലം ഗുരുതരമായി പരിക്കേല്‍ക്കല്‍), 30 എ (അശ്രദ്ധമൂലം മരണംസംഭവിക്കല്‍), 201 (തെളിവുനശിപ്പിക്കല്‍) എന്നീവകുപ്പുകളാണ് ഷെജീലിന്റെ പേരില്‍ ചുമത്തിയത്. കൂടാതെ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ശ്രമിക്കാത്തതിന് എം.വി. ആക്ട് പ്രകാരവും കേസുണ്ട്.
അപകടസമയത്ത് കേടുപാടുപറ്റിയ ഗ്ലാസും പാര്‍ട്സ് വാങ്ങിയതിന്റെ ബില്ലുകളും ഉള്‍പ്പെടെ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വ്യാജതെളിവുണ്ടാക്കി ഇന്‍ഷുറന്‍സ് ക്ലെയിം നേടിയതിന് നാദാപുരം പോലീസ് മറ്റൊരുകേസ് ഷെജീലിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതിന്റെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.