മലപ്പുറം: മോഷണം പോയ സ്‌കൂട്ടർ മാസങ്ങൾക്ക് ശേഷം ഫുൾടാങ്ക് പെട്രോളോടെ, പുത്തൻ ടയറോടെയും കണ്ടുകിട്ടിയതിന്റെ അമ്പരപ്പിലാണ് ഉടമ കെ.പി ഷാഫി. മലപ്പുറം വടക്കേമണ്ണയിലാണ് സംഭവം. എച്ച്എംസി ഡെക്കറേഷൻ ജീവനക്കാരനായ വാഹനഉടമ കെ പി ഷാഫി, മറ്റൊരു ജീവനക്കാരനായ ബാബ എന്നിവർ ഡിസംബർ അവസാന ആഴ്‌ച നമസ്‌കാര സമയം ടൗൺ മസ്‌ജിദിലേക്ക് പോയ സമയത്താണ് വാഹനം മോഷണം പോയത്. മോഷണ സമയം കുറച്ച് പെട്രോൾ മാത്രമേ ആക്‌ടീവ സ്‌കൂട്ടറിൽ ഉണ്ടായിരുന്നുള്ളു.
മോഷണം പോയതറിഞ്ഞ ശേഷം ഷാഫി പൊലീസിൽ പരാതി നൽകി. അടുത്തുള്ള സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒരു യുവാവ് ഒതുക്കുങ്ങൽ ഭാഗത്തുകൂടി സ്‌കൂട്ടർ ഓടിച്ചുപോകുന്നത് കണ്ടു. എന്നാൽ അന്വേഷണത്തിൽ സ്‌കൂട്ടർ കണ്ടെത്താനായില്ല. രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്‌ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സ്‌കൂട്ടർ കടയുടെ മുന്നിൽ കണ്ടത്. തുടർന്ന് അടുത്തുള്ള സിസിടിവി പരിശോധിച്ചപ്പോൾ തലേന്ന് രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നും സ്‌കൂട്ടർ ഓടിച്ചുവന്ന ഒരു യുവാവ് വാഹനം സ്ഥാപനത്തിന് മുന്നിൽ വച്ചശേഷം ഓടിപ്പോകുന്നതാണ് കണ്ടത്. വാഹനം പരിശോധിച്ചപ്പോൾ ഫുൾടാങ്ക് പെട്രോളും പിറകിൽ പുതിയ ടയറുമുണ്ട്. ചെറിയ കേടുപാടുകളുമുണ്ട്.