ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഏപ്രില്‍ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടായേക്കും. എന്‍സിപി, ശിവസേന, ജെഡിയു തുടങ്ങിയവര്‍ക്ക് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം.
മുന്‍കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദവ് തുടങ്ങിയവരുടെ പേരുകളാണ് ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. വിഷയത്തില്‍ അടുത്തയാഴ്ച ബിജെപി, ആര്‍എസ്എസിന്റെ അഭിപ്രായം ആരാഞ്ഞേക്കും. ഈയാഴ്ച അവസാനത്തോടെ സംസ്ഥാനങ്ങളിലെ പുനഃസംഘടനാ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ദേശീയ അധ്യക്ഷന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അവശേഷിക്കുന്ന 4-5 സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്മാരുടെ പേരുകൂടി പാര്‍ട്ടി പ്രഖ്യാപിക്കും.