കുടി വെള്ളത്തിന് ബുദ്ധിമുട്ടിയ കുടുംബത്തിന് കിണര്‍ നിര്‍മിച്ചു നല്‍കി യുവജനകൂട്ടായ്മ

കുടി വെള്ളത്തിന് ബുദ്ധിമുട്ടിയ കുടുംബത്തിന് കിണര്‍ നിര്‍മിച്ചു നല്‍കി യുവജനകൂട്ടായ്മ

വളയം: പേമാരിക്കിടയിലും കുടിവെള്ളത്തിന് ബുദ്ധിമുട്ടിയ കുടുംബത്തിന് കൈത്താങ്ങായി യുവജനകൂട്ടായ്മ. വളയം മഞ്ചാന്തറയിലെ സാരഥി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പ്രദേശവാസിയായ കിണറ്റില്‍ പിലാവുള്ള പറമ്പത്ത് ചന്ദ്രന് കിണര്‍ നിര്‍മിച്ചുനല്‍കിയത്.

ശാരീരികഅവശതകള്‍ നേരിടുന്ന ചന്ദ്രന് മറ്റ് ജോലിക്കൊന്നും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ലോട്ടറി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലൂടെയാണ് ഉപജീവനം നടത്തുന്നത്. മഞ്ചാന്തറയ്ക്ക് സമീപത്തെ അഞ്ചുസെന്റ് സ്ഥലത്ത് കുടില്‍ കെട്ടിയാണ് താമസം.  അടച്ചുറപ്പുള്ള വീടോ കിണറോ ഈ കുടുംബത്തിന് സ്വന്തമായി ഉണ്ടായിരുന്നില്ല. പ്രാഥമികാവശ്യത്തിനും കുടിക്കാനുമുള്ള വെള്ളം വീടിന് താഴ്ഭാഗത്തെ മറ്റൊരു കിണറ്റില്‍നിന്ന് തലച്ചുമടായി കൊണ്ടുവരാറാണ് പതിവ്.സംഭവം ശ്രദ്ധയില്‍പ്പെട്ട സാരഥി ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ സഹായഹസ്തവുമായി മുന്നോട്ടുവരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂലായ് ഇരുപത്തിരണ്ടാം തീയതി കിണര്‍നിര്‍മാണം ആരംഭിക്കുകയും ചെയ്തു.

ഒരു ദിവസം ക്ലബ്ബിന്റെ പത്തോളം പ്രവര്‍ത്തകര്‍ മാറിമാറി നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പാറകണ്ടത് നിര്‍മാണത്തിന് തടസ്സമായെങ്കിലും സാരഥിയുടെ പ്രവര്‍ത്തകര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. കംപ്രസറും മറ്റും ഉപയോഗിച്ച് പാറ വെട്ടിമാറ്റി നിര്‍മാണം പുനരാരംഭിക്കുകയും ചെയ്തു. ഒരുപറ്റം യുവാക്കളുടെ ഒന്‍പതുദിവസത്തെ കഠിനാധ്വാനത്തിനുശേഷം വെള്ളിയാഴ്ച പെരുന്നാള്‍ദിനത്തില്‍ കിണറില്‍ നീരുറവ കണ്ടു. ഇതിനോടകം പതിനാറുകോല്‍ താഴ്ചയില്‍ കിണര്‍കുഴിച്ചിരുന്നു. വെള്ളംകണ്ടതോടെ ചന്ദ്രനും കുടംബവും ആനന്ദകണ്ണീര്‍ പൊഴിച്ചുകൊണ്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് നന്ദിയര്‍പ്പിച്ചു. 

കെ.പി. സജീവന്‍, കെ.പി. ചന്ദ്രന്‍, കെ.പി. അശോകന്‍, എ.പി. ജിതേഷ്, കെ. കുമാരന്‍, വി.പി. ബാലന്‍, ബാബു എന്‍.പി, എന്‍. ലിജേഷ്, മഹേഷ് എന്നിവരാണ് നിര്‍മാണത്തിന് ചുക്കാന്‍പിടിച്ചത്.

Kozhikode