വേളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ്

വേളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ്

വേളം : നാല് പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഒരു കുടുംബത്തിലെ അഞ്ചുപേർ കോവിഡ് ബാധിതരായി. ജൂലായ്‌ പന്ത്രണ്ടിന് കൂളിക്കുന്നിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കായക്കൊടി തളീക്കര സ്വദേശികളായ ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ കുടുംബത്തിലെ നാല് പേർക്കും വേളം ചോയിമഠത്തിലെ 53-കാരിക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ വേളം പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്.

രോഗം സ്ഥിരീകരിച്ച ചോയിമഠത്തിലെ സ്ത്രീയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട പത്ത് പേരുടെ കോവിഡ് പരിശോധനയിലാണ് അവരുടെ കുടുംബത്തിലെ നാല് പേർക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തിയത്.

അതിനിടെ, രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്ന യുവാവ് വെള്ളിയാഴ്ച ചോയിമഠം പള്ളിയിൽ നടന്ന ജുമാ നമസ്കാരത്തിൽ പങ്കെടുക്കുകയും വൈകുന്നേരം നാലിനും നാലരയ്ക്കുമിടയിൽ കുറ്റ്യാടിയിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ജുമാ നമസ്കാരത്തിൽ പങ്കെടുത്ത 74 പേരോടും സൂപ്പർ മാർക്കറ്റിൽ ഇയാൾ എത്തിയപ്പോൾ ഉണ്ടായിരുന്ന ജീവനക്കാരടക്കമുള്ള 150-ഓളം ആളുകളോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കൂളിക്കുന്ന്, അരമ്പോൽ വാർഡുകൾ നിലവിൽ കണ്ടൈൻമെൻറ് സോണാണ്.