കോവിഡ് രോഗികളുമായി സമ്പര്‍ക്കം; ചെക്യാടും വളയത്തുമായി ഇരുനൂറോളം പേര്‍ ക്വാറന്റൈനില്‍

കോവിഡ് രോഗികളുമായി സമ്പര്‍ക്കം; ചെക്യാടും വളയത്തുമായി ഇരുനൂറോളം പേര്‍ ക്വാറന്റൈനില്‍

നാദാപുരം: രോഗം സ്ഥിരീകരിച്ച യുവാക്കളുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പെട്ട ഇരുനൂറോളം പേര്‍ വളയം, ചെക്യാട് പഞ്ചായത്തുകളില്‍ ക്വാറന്റൈനില്‍. ചെക്യാട് പഞ്ചായത്തില്‍ നൂറോളം പേര്‍ ക്വാറന്റൈനിലാണ്. 

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ചെക്യാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഇരുപതോളം പേര്‍, പാറക്കടവ് കൊയമ്പ്രം പാലത്തെ കല്യാണത്തില്‍ പങ്കെടുത്ത നാല്‍പതു പേര്‍, തൂണേരിയിലെ രോഗികളുമായി സമ്പര്‍ക്കത്തിലുള്ള ഇരുപതുപേര്‍ ഉള്‍പെടെ നൂറോളം പേരാണ് ക്വാറന്‍നില്‍ കഴിയുന്നത്.

കൊയമ്പ്രം പാലത്തെ സമ്പര്‍ക്കപ്പട്ടികയിലെ യുവാവ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ തിങ്കളാഴ്ച നടത്തിയ ആന്റിജന്‍ പരിശോധന റിപ്പോര്‍ട്ട് പോസിറ്റീവായതിനെത്തുടര്‍ന്ന് മുക്കത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സതേടി. ഔദ്യോഗികമായി ഫലം പുറത്തുവന്നിട്ടില്ല. ചെക്യാട്ട് വ്യാഴാഴ്ച റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും.

വളയത്ത് രോഗം സ്ഥിരീകരിച്ച യുവാവ് കഴിഞ്ഞദിവസം വളയം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്തിരുന്നു. ഒ.പി. സമയം അവസാനിച്ച് രാത്രിയോടെയാണ് ജോലിചെയ്തത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ സ്വയം ക്വാറന്റീനില്‍ പോയിട്ടുണ്ട്. വളയം പഞ്ചായത്തിലെ രണ്ട് ജീവനക്കാരും ബന്ധുക്കളും സുഹൃത്തുക്കളും സമ്പര്‍ക്കം പുലര്‍ത്തിയ നാട്ടുകാരുമാണ് ക്വാറന്റൈനില്‍ പോയത്.